2012, ഏപ്രിൽ 4, ബുധനാഴ്‌ച

പെസഹാ വ്യാഴം..അഥവാ ..Maundy Thursday...!!!


ഇന്ന് പെസഹാ വ്യാഴം ..ഇതേക്കുറിച്ച് അറിവ് പരിമിതമാണെങ്കിലും എന്തേലും എഴുതണം എന്ന തോന്നലാണ് പാവം പ്രവാസിയെ ഇതിലേക്ക് നയിച്ചത് ..അറിവുള്ളവര്‍ ഈ നോട്ടില്‍ അറിയാതെ കടന്നു കൂടിയ തെറ്റുകള്‍ സാദരം ക്ഷമിച്ച്‌ അത് ചൂണ്ടിക്കാണിക്കണം എന്ന് സ്നേഹത്തിന്റെ ഭാഷയില്‍ അഭ്യര്‍ഥിച്ചു കൊണ്ട് തുടങ്ങട്ടെ ..പെസഹാ വ്യാഴം..അഥവാ ..Maundy Thursday...

ക്രിസ്തുമത വിശ്വാസികള്‍  ഈസ്റ്ററിന് തൊട്ട് മുമ്പുള്ള വ്യാഴാഴ്ച പെസഹാ വ്യാഴം എന്ന വിശുദ്ധ ദിവസമായിആചരിക്കുന്നു. യേശു തന്റെ അപ്പോസ്തോലന്മാരുമൊത്ത് അവസാനമായിക്കഴിച്ച തിരു അത്താഴത്തിന്റെ ഓർമക്കായാണ് ഈ ആചാരം. വിശുദ്ധ ആഴ്ചയിലെ, വിശുദ്ധ ബുധന് ശേഷവും ദുഃഖവെള്ളിക്ക് മുൻ‌പുമായി അഞ്ചാം ദിവസമാണ് പെസഹാ വ്യാഴം.പെസഹാ വ്യാഴത്തിലെ അവസാന അത്താഴ കുർബ്ബാനയോടെ ഈസ്റ്റർ ത്രിദിനത്തിന് തുടക്കമാകുന്നു. ഈ വ്യാഴം,വെള്ളി,ശനി ദിവസങ്ങളിൽ വിശ്വാസികൾ യേശുവിന്റെ കഷ്ടാനുഭവവും മരണവു ഉയർത്തെഴുന്നേല്പും സ്മരിക്കുന്നു...!!







 പെസഹാ ഭക്ഷണത്തിലെ പ്രധാന വിഭവം കുരിശപ്പമാണ്‌. അപ്പം പുഴുങ്ങുക എന്നാണ്‌ കുരിശപ്പം ഉണ്ടാക്കുന്നതിനേക്കുറിച്ചു പറയുക. ഭയ ഭക്തി ബഹുമാനത്തോടെയുള്ള ഒരു കര്‍മ്മം തന്നെയാണ്‌ അപ്പം പുഴുങ്ങല്‍. ഇനി ഈ പെസഹാ അപ്പം അഥവാ കുരിശപ്പം ഉണ്ടാക്കുന്നതും കൂടി പാവം പ്രവാസി പറഞ്ഞല്ലേ തീരൂ ..പറയാം ..തേങ്ങ, ഉള്ളി, ജീരകം എന്നിവ ഒന്നിച്ച് നന്നായി അരയ്ക്കുക, ഉഴുന്ന് വേറേ അരയ്ക്കുക. വറുത്ത അരിപൊടിയില്‍ അരച്ച ഉഴുന്നും, തേങ്ങയും, പാകത്തിന് ഉപ്പും ചേര്‍ത്ത് കൊഴയ്ക്കുക. പാത്രത്തില്‍ നിന്ന് അപ്പം വിട്ടുപോരാനായി ഇല, അതുപോലുള്ളവ അടിയില്‍ വച്ച് കൊഴച്ചുവച്ചിരിക്കുന്ന മിശ്രിതം പാത്രത്തില്‍ ഒഴിക്കുക. അതിനുമുകളില്‍ കുരിശാകൃതിയില്‍ ഓശാന ഞായറാഴ്ച്ച പള്ളിയില്‍ നിന്നും വാങ്ങിയ ഓല വയ്ക്കുക.കുരിശാകൃതിയില്‍ വയ്ക്കുന്നതിനാലാണ്‌ ഇത്‌ കുരിശപ്പം എന്നറിയപ്പെടുന്നത്‌.  അപ്പച്ചെമ്പില്‍ പാകത്തിന് വെള്ളം ഒഴിച്ച് തട്ടിനുമുകളില്‍ പാത്രം വെച്ച് വേവിക്കുക  .നിലത്തു വിരിച്ചിരിക്കുന്ന പായയില്‍ മുട്ടുകുത്തി നിന്നാണ്‌ കുടുംബങ്ങളിലെ സ്ത്രീകള്‍ ഇത്‌ തയ്യാറാക്കുന്നത്‌.  ഒരോ വാഴയില മടക്കി അതില്‍ മറ്റ്‌ കുറെ അപ്പങ്ങള്‍ ഉണ്ടാക്കുന്നു. ഇവയില്‍ കുരിശു വയ്ക്കാറില്ല. ഇണ്ടറിയപ്പം എന്നാണ്‌ ഈ അപ്പം അറിയപ്പെടുക. കുരിശപ്പം നടുക്കും മറ്റ്‌ അപ്പങ്ങള്‍ ചുറ്റുമായി പാത്രത്തില്‍ വച്ചു അപ്പം പുഴുങ്ങിയെടുക്കുന്നു. മാവു പുളിക്കുന്നതിനുമുന്‍പ്‌ അപ്പം പുഴുങ്ങുന്നുവെന്നത്‌ ശ്രദ്ധേയമായ കാര്യമാണ്‌...

പെസഹാ വ്യാഴാഴ്ച‌, പള്ളിയിലെ പരിശുദ്ധ കുര്‍ബാനയും കാല്‍കഴുകല്‍ ശുശ്രൂഷയും കഴിഞ്ഞു വന്നിട്ടാണ്‌ അപ്പം മുറിക്കല്‍ നടത്തുക. നിലത്തു പായ വിരിച്ച്‌ അതില്‍ എല്ലാവരും നില്‍ക്കുന്നു. കുടുംബത്തിലെ ഏറ്റവും പ്രായമുള്ള പുരുഷനാണ്‌ അപ്പം മുറിക്കുക. പ്രസ്തുത കുടുംബത്തില്‍ മുതിര്‍ന്ന പുരുഷന്മാര്‍ ഇല്ലെങ്കില്‍ സന്നിഹിതരായിരിക്കുന്ന മറ്റു കുടുംബങ്ങളിലെ പ്രായം ചെന്ന പുരുഷനെ അപ്പം മുറിക്കാന്‍ ക്ഷണിക്കുന്നു.അപ്പം മുറിക്കുന്ന ആള്‍ കൈകള്‍ കഴുകി മുട്ടുകുത്തി നിന്ന് സ്ലീവാ അടയാളം വരച്ച ശേഷം കുരിശപ്പം മുറിച്ച്‌ മുതിര്‍ന്നവര്‍ തുടങ്ങി ഒരോരുത്തര്‍ക്കായി നല്‍കുന്നു. എല്ലാവരും പ്രാര്‍ത്ഥനയോടെ രണ്ടു കൈകളും കുരിശാകൃതിയില്‍ നീട്ടി അപ്പം വാങ്ങുന്നു. എല്ലാവര്‍ക്കും നല്‍കിയ ശേഷം അപ്പം മുറിച്ചയാള്‍ അപ്പം ഭക്ഷിക്കുന്നു. തുടര്‍ന്നു മറ്റുള്ളവരും കഴിക്കുന്നു ..ഇതൊക്കെയാണ് പെസഹാ വ്യാഴത്തെ പറ്റിയും പെസഹ അപ്പം അഥവാ കുരിശപ്പത്തെ പറ്റിയും പാവം പ്രവാസിക്ക് പറയാനുള്ളത് ..ഇനിയും മതപരമായ ഒത്തിരി ചടങ്ങുകള്‍ ഉണ്ടെങ്കിലും അക്ഞ്ഞത മൂലം ഞാന്‍ മുതിരുന്നില്ല ..എല്ലാ കൂട്ടുകാര്‍ക്കും സഹോദരങ്ങള്‍ക്കും ഭക്തിയുടെ നിറവില്‍ നല്ലൊരു പെസഹാ വ്യാഴം ആശംസിക്കുന്നു,  ഒപ്പം ദൈവപുത്രന്റെ പീടാനുഭവങ്ങള്‍ ഓര്‍ത്ത് ദുഖം പങ്കുവച്ച്    പരസ്പരം സമാശ്വസിപ്പിച്ചു ദുഖവെള്ളിയാഴ്ച്ചയെ  വരവേല്കാനായ് കാത്തുകൊണ്ട് ..നിര്‍ത്തട്ടെ  നിങ്ങളുടെ  സ്വന്തം പാവം പാവം പ്രവാസി ..!!